
കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യ ഭാരതീയ എന്ന നിലയിൽ അൽഫോൻസാമ്മ ശ്രദ്ദേയയാവുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭരണങ്ങാനം എന്ന ഗ്രാമത്തിലെ ഒരു സന്യാസ ഭവനത്തിൽ വെറും 24 വർഷം രോഗങ്ങളോടും, വേദനയോടും മല്ലടിച്ചു ജീവിച്ചു മരിച്ച ആ കന്യാസ്ത്രീ ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്നവളാകുന്നു. ബൗദ്ധികതയുടെയും ദൈവനിഷേധത്തിന്റെയും ആത്മീയവാണിഭങ്ങളുടേയും ഈ കാലഘട്ടത്തിൽ അൽഫോൻസാമ്മയുടെ വിശുദ്ധജീവിതം നമ്മുടെ മുൻപിൽ ഒരു വിസ്മയം തന്നെ. വേദനകളിൽനിന്നും സഹനങ്ങളിൽനിന്നും ഒളിച്ചോടാനുള്ള സ്വോഭാവിക മാനുഷിക പ്രവണതക്കു നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു ആ സഹോദരിയുടെ എളിയ ജീവിതം. കവി പാടിയതുപോലെ "മനസ്സിൻ മനോഭാവം നല്ലതെങ്കിൽ കണ്ണീർ മുത്തും മാണിക്യമാക്കാമെന്ന്" അവർ ജീവിതത്തിലൂടെ തെളിയിച്ചു. ഓരോ മനുഷ്യ വ്യക്തിയും, അവൻ വിശ്വാസിയാലും അവിശ്വാസിയായാലും തന്റെ ജീവിതം വിശുദ്ധമായി കാത്തു സൂക്ഷിക്കേണ്ടതാണു. മണ്ണും, പുഴുവുമായി ഈ ശരീരം മാറിയാലും അമർത്ത്യമായ ആത്മാവ് അഴിഞ്ഞുപോവുന്നില്ല. വിശുദ്ധി അടങ്ങിയിരിക്കുന്നത് അതിസ്വോഭാവിക കാര്യങ്ങൾ ചെയ്യുന്നതില്ല, മറിച്ച് അനുദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങൾ സദൂദ്ദേശത്തോടെ ചെയ്യുന്നതിലാണു. ഭോഗത്തേക്കാൾ ശ്രേഷ്ടം ത്യാഗമാണെന്നു കരുതുന്നതിൽ വിശുദ്ധിയുണ്ട്, പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അതു ചെയ്യാതിരിക്കുന്നതിലും വിശുദ്ധിയുണ്ട്. നമ്മുടെ ഭവനങ്ങളിൽ, ജോലിസ്ഥലത്ത്, സമൂഹത്തിൽ വിശുദ്ധിയുടെ പരിമളം പ്രസരിപ്പിക്കൂന്നവരായി നമുക്കും മാറാം. വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.